
മകനേ! കൃഷ്ണാ! ഉണ്ണിക്കണ്ണാ!
പരംപൊരുളിനെ തന്നെ സ്വന്തം അരുമ സന്താനത്തിൻ്റെ രൂപത്തിൽ വളർത്തി വാത്സല്യാമൃതം ചൊരിയുവാൻ അത്യപൂർവ്വ ഭാഗ്യം ലഭിച്ച പുണ്യചരിതൻ എന്ന് മാലോകർ ഈ വൃദ്ധപിതാവിനെ പാടിപുകഴ്ത്തുന്നു. പതിനൊന്നു വർഷം ഗോകുലത്തിലെ സർവ്വ ചരാചരങ്ങളെയും ആനന്ദത്തിൽ ആറാടിച്ച എൻ്റെ ഉണ്ണീ! ഗോകുലം വിട്ടു മഥുരാപുരിയിലേക്ക് യാത്രയായ ഓമനകളെ കാത്ത് വഴിക്കണ്ണുമായി അന്നു മുതൽ ഇരിക്കുന്ന ഈ പിതാവിനെ നീ കാണുന്നുണ്ടോ എൻ്റെ പൊന്നോമന മകനേ! നീ ജഗന്നിയന്താവായ പരമാത്മസ്വരൂപൻ ആണെങ്കിലും എനിക്ക് എന്നും എൻ്റെ കൈകളിൽ ഇളം ചുണ്ടുകളിൽ നറുംപുഞ്ചിരി പൊഴിച്ചുറങ്ങുന്ന പൊന്നുണ്ണിയാണു നീ. പൊൻതള കിലുക്കി ഗോകുലമാകെ ഓടി നടന്നപ്പോൾ പിഞ്ചു പാദങ്ങൾ പതിഞ്ഞ ഗോകുലത്തിലെ ഓരോ മണൽത്തരി പോലും ഇന്നും ആ പൂവുടലിൽ നിന്നു വഴിഞ്ഞൊഴുകിയ പ്രകാശം വഹിക്കുന്നു. ഈ പിതാവിനെ എന്തിനായിരുന്നു ഇത്ര മോഹിപ്പിച്ചതു കുഞ്ഞേ! പതിനൊന്നു വർഷം ഗോകുലം പരമാനന്ദം അനുഭവിച്ചപ്പോൾ അങ്ങുദൂരെ മഥുരാപുരിയിൽ ദിവ്യശിശുക്കൾക്കു ജന്മമേകിയ താതൻ വസുദേവനും ദേവകീ മാതാവും കാരാഗൃഹത്തിൽ കണ്ണീർ തോരാതെ കഴിയുകയായിരുന്നു എന്ന സത്യം എൻ്റെ ഹൃദയവേദനയെക്കാൾ എത്രയോ അധികമാണ് എന്നറിയുന്നു പുത്രാ!
സകലചരാചരങ്ങളുടെയും നാഥനായ ജഗദീശ്വരന് തൻ്റെ ഓരോ സൃഷ്ടിയും ഒരു പോലെയാണെന്ന് അറിയുന്നു. ആർക്കും സ്വന്തമാക്കി വയ്ക്കാൻ കഴിയാത്ത സർവ്വവ്യാപിയും സർവ്വജ്ഞനും സർവ്വശക്തനുമായ എൻ്റെ ഉണ്ണിക്കൃഷ്ണാ! ഈ പിതാവിൻ്റെ അജ്ഞാനത്താൽ ഇങ്ങനെ ചിന്തിച്ച് ആശ്വസിക്കുവാൻ കഴിയുന്നില്ല പൊന്നു മകനേ! സ്വപ്നസമാനമായ ലൗകികജീവിതത്തിൻ്റെ നൈമിഷികത എന്നെ ബോധ്യപ്പെടുത്തുകയാണോ നീ കണ്ണാ! പുത്രവിരഹത്തീയിൽ ഉരുകുന്ന ഈ പിതാവിൻ്റെ ഇഹലോകജീവിതം അവസാനിക്കാറായി. എൻ്റെ ആത്മാവ് പരമാത്മസ്വരൂപനായ എൻ്റെ പുത്രനിൽ തന്നെ വന്നുചേരും. ഈ വിരഹകാലം മുഴുവനും ഉണ്ണിക്കണ്ണൻ്റെ ബാലലീലകൾ ആവർത്തിച്ച് ചിന്തിച്ചും പറഞ്ഞും മനസ്സു കൊണ്ട് അനുഭവിച്ചും കഴിയുകയാണ്...