
എൻ്റെ കൃഷ്ണഭഗവാനേ! ജീവനാഥനായ മഹാപ്രഭോ!
അങ്ങയുടെ ദിവ്യസ്പർശനമേറ്റ നിമിഷം മുതൽ ഈയുള്ളവൾ ലോകത്തിലെ ഏറ്റവും ആനന്ദവതിയായ സ്ത്രീയായി മാറി. ഞാൻ വിരൂപയായ 'കുബ്ജ'യോ 'ത്രിവക്ര'യോ അല്ലാതായി. ആ സുവർണ്ണദിനം ഞാൻ എങ്ങനെ മറക്കും ഭഗവാനേ! ഇപ്പോൾ ഇഹലോകജീവിതം അവസാനിക്കാറായതിൻ്റെ ലക്ഷണങ്ങൾ കണ്ടു തുടങ്ങുമ്പോഴും ഇവൾ ഹൃദയം കൊണ്ട് ഓമനക്കണ്ണനെ പ്രാണപ്രിയനായി സ്വീകരിച്ച അതിസുന്ദരിയായ യുവതിയാണ്. അഭിശപ്തമായ എൻ്റെ ഈ ജന്മത്തിൻ്റെ വിധി ഒരു നിമിഷം കൊണ്ട് ആ ദിവ്യസ്പർശനത്താൽ മാറി മറിഞ്ഞു. ആ കൃപാകടാക്ഷത്തിൽ യാദൃശ്ചികമായി ഞാൻ അകപ്പെട്ടപ്പോൾ കരുണാമയനായ ഭഗവാൻ എൻ്റെ ജീവൻ്റെ വ്യഥയാണ് ദർശിച്ചത്. ഉള്ളിൽ സദാ ഉയരുന്ന എൻ്റെ ആത്മരോദനമാണ് അങ്ങു ശ്രവിച്ചത്. ലോകൈകനാഥനായ കാർമുകിൽ വർണ്ണാ! എൻ്റെ ദിനചര്യയായ മഥുരാപുരി സന്ദർശനത്തിനായി ദുഃഖപൂരിതമായ മനസ്സോടെ യാത്ര ചെയ്യുകയായിരുന്നു അന്നും. മഥുരാപുരിയിൽ കംസരാജനു വേണ്ടി കളഭക്കൂട്ടുകളും സുഗന്ധ ദ്രവ്യങ്ങളും നിർമ്മിച്ചു കൊടുക്കുന്ന എൻ്റെ കുലത്തൊഴിലിൽ മുഴുകി ജീവിച്ചു വരികയായിരുന്നു ഞാൻ.
കംസരാജൻ ഗോകുലത്തിൽ നിന്ന് ദിവ്യബാലകരെ ധനുർയജ്ഞത്തിനായി ക്ഷണിച്ചു കൊണ്ടു വരുന്നു എന്നു പറഞ്ഞു കേട്ടതു മുതൽ കാലങ്ങളായി മനസ്സിൽ വച്ചു പൂജിക്കുന്ന ലോകൈകനാഥനായ ഉണ്ണിക്കണ്ണനെ എനിക്കു ദർശിക്കുവാൻ സാധിക്കണേയെന്നു പ്രാർത്ഥിച്ചു കൊണ്ടിരുന്നു. അക്രൂരരാജൻ്റെ രഥത്തിൽ മഥുരാപുരിയുടെ പട്ടണപ്രദേശത്ത് എത്തിയപ്പോൾ പാതയോരത്തു കൈകുപ്പി തൊഴുതു നിൽക്കുന്ന പ്രജകളുടെ മനസ്സുകളിൽ കുളിർ മഴ പെയ്യിച്ച് ഓരോരുത്തരേയും അഭിവാദ്യം ചെയ്ത് ആനന്ദത്തിടമ്പുകളായ ദിവ്യബാലകർ കാൽനടയായി കൊട്ടാരത്തിലേക്കു വരുന്നു എന്നതിൻ്റെ ആരവം കേട്ടു.
ഞാൻ ആരാലും ശ്രദ്ധിക്കപ്പെടാതെ നിവർന്നു നിൽക്കാനാവാത്ത അപഹാസ്യരൂപത്തിൽ രാജവീഥിയിലൂടെ വിഷണ്ണയായി കൊട്ടാരത്തിലേക്കു സാവധാനം നടന്നു പോകുമ്പോൾ തേജോ പുഞ്ജങ്ങൾ പോലെ രാമകൃഷ്ണന്മാർ ആബാലവൃദ്ധം ജനങ്ങളുടെ ആനന്ദാതിരേകത്തോടെയുള്ള വരവേല്പുമായി നടന്നു വരുന്നു എന്നു മനസ്സിലായി. ഉണ്ണിക്കണ്ണൻ വിതറിയ പ്രകാശധോരണിയിൽ അസ്തപ്രജ്ഞയായി നിന്നു പോയി ഞാൻ. ത്രിവക്രയായ ഞാൻ കൂനുള്ള ശരീരത്താൽ നിവർന്നു നിന്ന് ആ മുഖകമലം കൺ നിറയെ കാണുവാൻ ശ്രമിച്ചു. എനിക്കത് ആവുന്നില്ലല്ലോ എന്ന എൻ്റെ ദുർവിധിയോർത്ത് ഉള്ളം നിശ്ശബ്ദമായി വിലപിച്ചു. കണ്ണീരൊഴുക്കി പാതയോരത്ത് ഞാൻ ഒതുങ്ങി നിന്നു. അപ്പോൾ....