Sree

ആത്മഗതം:

എൻ്റെ ഭഗവാനേ! മധുസൂദനാ! കാർമുകിൽവർണ്ണാ! ആനന്ദരൂപിയായ രാജകുമാരാ! സതീർത്ഥ്യൻ്റെ രൂപത്തിൽ എന്നെ പുണർന്നു നിന്ന ലോകൈകനാഥാ! സാന്ദീപനി മുനിയുടെ ആശ്രമത്തിൽ വച്ച് അതികോമളനായ ഒരു ബാലകനായി അങ്ങയെ കണ്ടുമുട്ടിയ നിമിഷം മുതൽ ഇന്നോളം ഭഗവത് നാമം ഉരുവിടാത്ത ഒരു നിമിഷം പോലും എൻ്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല. എത്രയോ ജന്മങ്ങളായി ഭഗവാനെ തേടിയലഞ്ഞ എൻ്റെ ആത്മാവ് ദർശനമാത്രയിൽ അങ്ങയുടെ പരമാത്മസത്തയിൽ വിലയിച്ചു ചേരുവാൻ  വെമ്പൽ കൊണ്ടു. ദരിദ്രബ്രാഹ്മണ കുടുംബത്തിൽ ജനിച്ച എന്നെ അങ്ങ് ഗുരുകുലത്തിൽ വച്ച് ദയാപൂർവ്വം ആശ്ളേഷിക്കുമ്പോൾ എൻ്റെ ജീവൻ പരമാനന്ദത്താൽ പ്രകമ്പനം കൊണ്ടു. നിരന്തരം അന്തരാത്മാവിൽ പ്രകാശം ചൊരിയുന്ന അങ്ങയുടെ പരമാത്മസത്തയിൽ ഈ ജീവാത്മാവ് വിലയിച്ചു ചേരുന്ന നിമിഷത്തിനായി ദീർഘനാളായി തപസ്സു ചെയ്യുന്ന ഈ സാധുവിനോടു കരുണ തോന്നേണമേ! ഇനി ഒരു മാത്ര പോലും അങ്ങയിൽ നിന്നു വിട്ടുനിൽക്കുവാൻ ആകുന്നില്ല പ്രഭോ! എൻ്റെ ജന്മോദ്ദേശ്യങ്ങളെല്ലാം അറിയുന്ന പരംപൊരുളേ! എൻ്റെ കർമ്മങ്ങളറ്റു കഴിഞ്ഞെങ്കിൽ എത്രയും വേഗം കൈവല്യ ഭാഗ്യമുണ്ടാകണേ!


ഗുരുകുല വിദ്യാഭ്യാസം കഴിഞ്ഞ് യൗവ്വന പ്രാപ്തിയിൽ ഗൃഹസ്ഥധർമ്മത്തിൽ പ്രവേശിച്ചിട്ടും ഈ സാധു ബ്രാഹ്മണൻ ദരിദ്രനായി തുടർന്നു. കുടുംബത്തിന് ആഹാരത്തിനുള്ള വകകൾ പോലും തേടി നൽകുവാനാവാതെ ഞാൻ ഭഗവദ് നാമം ഉരുവിട്ടു കഴിഞ്ഞു. ഗൃഹസ്ഥധർമ്മത്തിൽ പൂർണ്ണ പരാജയമായിരുന്നു ഞാൻ.  എൻ്റെ പത്നിയും സന്താനങ്ങളും കഠിനമായ പൈദാഹങ്ങൾ സഹിച്ച് പിഞ്ഞിക്കീറിയ വസ്ത്രങ്ങൾ അണിഞ്ഞു നടന്നിട്ടും ഒരു സ്വപ്നാടകനെ പോലെ ഞാൻ ദരിദ്രജീവിതം തുടർന്നു വന്നു.  വിശന്നു വലയുന്ന മക്കളെയോർത്ത് സഹിക്കുവാനാകാതെ സതീർത്ഥ്യനായ ദ്വാരകാനാഥനെ കണ്ടുവരുവാൻ സ്നേഹവതിയും ത്യാഗമയിയുമായ എൻ്റെ പത്നി അഭ്യർത്ഥിച്ചപ്പോൾ ദ്വാരകയിലേക്കു ദീർഘദൂരം കാൽനടയായി എത്തുവാൻ തീരുമാനിച്ചു. ആഹാരത്തിനുള്ള കുറച്ചു ധാന്യമെങ്കിലും ഭഗവാൻ ദാനമായി തരുമെന്ന  പ്രതീക്ഷയിൽ പത്നി ഭഗവാനു കാഴ്ചവയ്ക്കുവാൻ ഒരു അവിൽപ്പൊതിയും എന്നെ ഏൽപ്പിച്ചു...