
ചിദാനന്ദസ്വരൂപനായ ഭഗവാനേ! കൃഷ്ണാ! വാസുദേവാ! അങ്ങ് ഭൗതിക ജീവിതം അവസാനിപ്പിച്ചു പോയതു മുതൽ വിശുദ്ധവനങ്ങളിലും തീർത്ഥാടന കേന്ദ്രങ്ങളിലും ആശ്രമങ്ങളിലും തീർത്ഥയാത്ര ചെയ്ത് മനശ്ശാന്തി കൈവരിച്ച് അങ്ങയുടെ ഭക്തനായ ഈ ഏകാന്തപഥികൻ മൈത്രേയമുനിയുടെ സവിധത്തിൽ എത്തിയിരിക്കുന്നു. അദ്ദേഹത്തിൽ ഭഗവദ് ചൈതന്യം വിളങ്ങി നിൽക്കുന്നതു ഞാൻ കാണുന്നു ഭഗവാനേ! എനിക്കായുള്ള ആത്മീയ ഉപദേശങ്ങൾ ഇഹലോക വാസം വെടിയും മുൻപ് മൈത്രേയമുനിയുടെ ദൗത്യമാക്കിയ കരുണാമയനേ! എൻ്റെ അന്ത്യനിമിഷങ്ങൾ അടുക്കുകയാണ്. ആ തിരുരൂപ ധ്യാനത്തിൽ മുഴുകി ഞാൻ എൻ്റെ ഉത്ഭവസ്ഥാനത്തേക്ക് യാത്രയാകും മുൻപ് ഈ ധന്യജന്മത്തിൽ അങ്ങയെ കണ്ടുമുട്ടിയ അപൂർവ്വ നിമിഷങ്ങളിൽ ധ്യാനനിരതനാവുകയാണ്.
ഈ ഭക്തനു ഭഗവാനുമായി നേരിട്ടുള്ള ആദ്യസമാഗമം സംഭവിച്ചത് അങ്ങ് കുരുക്ഷേത്രയുദ്ധത്തിനു മുന്നോടിയായി ശാന്തിദൂതുമായി ഹസ്തിനപുരിയിൽ എത്തിയ അവസരത്തിലായിരുന്നു. ആ അലൗകികപ്രഭയിൽ സ്വയം മറന്ന് അങ്ങയെ കൺനിറയെ കാണുവാൻ ഭാഗ്യമുണ്ടായ ദിനം. എൻ്റെ ജന്മോദ്ദേശ്യത്തിലേക്കു വഴി തിരിച്ചു വിട്ട ആത്മസാക്ഷാത്ക്കാരമുണ്ടായ ആ ദിനം എന്നും മനം നിറയെ തെളിഞ്ഞു പ്രകാശിക്കുന്നു. സമാധാന ദൂതുമായി ശാന്തഗംഭീരഭാവത്തിൽ ഹസ്തിനപുരിയിലെ രാജസഭയിലേക്ക് അങ്ങ് പ്രവേശിച്ചപ്പോൾ രാജ്യത്തെ പ്രഭുക്കന്മാരും പ്രമാണിമാരുമായി അനേകർ അവിടെ സന്നിഹിതരായിരുന്നു.
ദുര്യോധനനൊഴികെ എല്ലാവരും സ്വമേധയാ എഴുന്നേറ്റു നിന്ന് സ്നേഹ ബഹുമാനങ്ങളോടെ അങ്ങയെ വണങ്ങി വരവേറ്റു. അവഗണനാ ഭാവത്തിൽ ഇരുന്ന ദുര്യോധനന് അങ്ങയെ ബഹുമാനിക്കുവാൻ
ഞാൻ സൂചന കൊടുത്തപ്പോൾ പരിചാരികയുടെ പുത്രന് എന്നെ ഉപദേശിക്കുവാൻ എന്തവകാശം എന്നു പറഞ്ഞ് അവഹേളിച്ചു. വ്യാസമഹർഷിയുടെ പുത്രരായി ധൃതരാഷ്ട്രരും പാണ്ഡുവും രാജകുമാരിമാരിൽ പിറന്നപ്പോൾ, പരിചാരികയായ എൻ്റെ മാതാവ് ഭയഭക്തി ബഹുമാനത്തോടെ മാമുനിയെ സ്വീകരിച്ചപ്പോൾ ഉൽപ്പത്തിയുണ്ടായ ഭാഗ്യവാനാണ് ഈ വിദുരർ. അങ്ങയുടെ ഈ ദർശനത്തിനായി ആത്മദാഹത്തോടെ കാത്തിരുന്ന എനിക്ക് ദുര്യോധനൻ്റെ അവഹേളനം രാജ്യം വിട്ട് ആത്മീയ പ്രയാണം തുടങ്ങുവാനുള്ള നിമിത്തം ആകുകയായിരുന്നു. എല്ലാം കൃഷ്ണലീലയെന്നു ഞാനറിയുന്നു ഭഗവാനേ! ചൂതുകളിയിൽ പാണ്ഡവരെ ചതിപ്രയോഗങ്ങളിലൂടെ പരാജയപ്പെടുത്തിയതാണെങ്കിലും, ഉടമ്പടിപ്രകാരമുള്ള വനവാസകാലമെല്ലാം പൂർത്തിയാക്കി വന്ന പാണ്ഡവരുടെ രാജ്യാവകാശം ദുര്യോധനൻ അവർക്ക് നിക്ഷേധിക്കുകയാണുണ്ടായത്...