Sree

ആത്മഗതം:

എൻ്റെ സർവ്വസ്വവുമായ ഭഗവാനേ! ശ്രീകൃഷ്ണ പരമാത്മാവേ! അങ്ങയുടെ ദൈവികലീലയുടെ ഭാഗമായി യാദവകുലം വംശനാശത്തിലേക്ക് അടുത്തു കൊണ്ടിരിക്കുന്നു. സർവ്വനാശം സംഭവിക്കുന്നതിനു മുൻപ് എൻ്റെ ഇഹലോകജീവിതത്തിൻ്റെ പരിസമാപ്തിക്കായി പ്രാർത്ഥിക്കുന്നു ഭഗവാനേ! എന്നിൽ കരുണ ചൊരിയു! മഹാപ്രഭോ! ഇത്രനാൾ അങ്ങയുടെ തിരുസന്നിധിൽ ജീവിച്ച് അങ്ങയെ കൺകുളിർക്കെ കണ്ട് ദ്വാരകയിൽ സേവനമനുഷ്ഠിക്കുവാൻ എനിക്ക് ആയുസ്സു തന്ന കരുണാമയനേ!

യാദവവംശനാശവും എൻ്റെ ഭഗവാൻ്റെ തിരോധാനവും അടുത്തിരിക്കുന്ന ഈ സമയം ഈ അക്രൂരൻ ഭഗവത് ധ്യാനത്തിൽ മുഴുകുകയാണ്.  ഔദ്യോഗികപദവികളെല്ലാം വിസ്മൃതമായ എൻ്റെ ആത്മസത്ത ആ തൃപ്പാദതളിരുകൾ പുണർന്നു നിർവൃതി കൊള്ളുന്നു.  ദേഹവിയോഗസമയം സമാഗതമാകുമ്പോൾ എന്നെ അങ്ങയുടെ പാദധൂളികൾ പതിഞ്ഞ യമുനാതീരത്തെ മണൽത്തരികളിൽ വിലയിപ്പിച്ചാലും. ഭഗവാനേ! അങ്ങയെ സദാ ധ്യാനിച്ചു കൊണ്ടിരിക്കുന്ന ഈ ഭക്തൻ്റെ മനസ്സിലൂടെ ഭഗവത് ചൈതന്യത്തെ അനുഭവിച്ച അസുലഭ മുഹൂർത്തങ്ങൾ കടന്നു പോകുന്നു.


ആദ്യസമാഗമം മുതൽ ഇന്നോളം ആ പാദസേവ ചെയ്യുവാൻ എന്നെ അനുവദിച്ച പരംപൊരുളേ! ഇതിലധികം ഭാഗ്യാനുഭവം ഒരു ഭക്തനു ലഭിക്കുവാനില്ല! കംസമഹാരാജൻ വിധിവിഹിതമെന്നതു പോലെ ബന്ധുവും മന്ത്രിയുമായ എന്നെ ബാലകരായ ഉണ്ണിക്കണ്ണനെയും ബലരാമനെയും മഥുരയിലേക്കു ക്ഷണിച്ചു കൊണ്ടു വരുവാൻ നിയോഗിച്ചപ്പോൾ ഞാൻ ആത്മഹർഷത്താൽ പുളകിതനായി. കംസരാജൻ, ഗോകുലത്തിൽ നിന്ന് ബാലകൃഷ്ണനെയും ബലരാമനെയും മഥുരയിൽ നടക്കുന്ന ധനുര്‍യജ്ഞത്തിന് പങ്കെടുക്കുവാൻ ക്ഷണിക്കുന്നതായി നടിച്ചു. അതിൽ മല്ലയുദ്ധം, ഗജയുദ്ധം, ജനകീയ വിനോദങ്ങൾ എന്നിവ ഉണ്ടാകുമെന്ന് പറഞ്ഞു. കരിവീരനായ കുവലയാപീഡവും, ചാണൂരൻ, മുഷ്ടികൻ എന്നീ മല്ലന്മാരും പോലുള്ള ഭീകര വിരോധികളെ ഒരുക്കി ദിവ്യബാലകരെ യജ്ഞത്തിനിടെ വധിക്കുവാനായിരുന്നു കംസരാജൻ്റെ ഗൂഢോദ്ദേശം എന്നു ത്രികാലജ്ഞാനിയായ അങ്ങ് അറിഞ്ഞിരുന്നുവല്ലോ...