
എൻ്റെ കൃഷ്ണാ! ഗോവിന്ദാ!
കമലനയനാ! എൻ്റെ സഹോദരപുത്രനായി ഈ നിർഭാഗ്യവതിയായ മാതാവിൻ്റെ ജീവിതത്തിലെത്തിയ ഉണ്ണിക്കണ്ണാ! എൻ്റെ ഭാഗ്യതാരകമേ!
സങ്കീർണ്ണമായ എൻ്റെ കുടുംബജീവിതത്തിലെ വിഷമഘട്ടങ്ങളിൽ സദാ കൂടെ നിന്ന് എൻ്റെ സന്താനങ്ങളെ സത്യധർമ്മങ്ങളിലൂടെ നീ വഴി നടത്തി. പരമാത്മചൈതന്യത്തിൻ്റെ പ്രത്യക്ഷരൂപമായി നീ പിറവിയെടുത്തത് ഈ മാതാവിനെ കർമ്മവിമുക്തയാക്കുവാൻ വേണ്ടി ആയിരുന്നുവോ? അഗതികളായ ആയിരക്കണക്കിനു ഭക്തജനങ്ങൾക്ക് സദ്ഗതിയേകി, ദുഷ്ടനിഗ്രഹം ചെയ്ത്, നിരാലംബരായ സ്ത്രീജനങ്ങളുടെ കണ്ണീരൊപ്പി, കാണുന്നവരുടെ മനസ്സിൽ ആനന്ദത്തിൻ്റെ തേന്മഴ ചൊരിഞ്ഞ് വിരാജിച്ച എൻ്റെ മകനേ! നീ മാനവരാശിയെ തന്നെ ഉദ്ധരിക്കുവാൻ അവതരിച്ച ജഗദീശ്വരൻ തന്നെയെന്ന് ഈ മാതാവറിയുന്നു.
വാത്സല്യത്തിടമ്പായ ഉണ്ണിക്കണ്ണനായി എൻ്റെ മടിത്തട്ടിൽ പ്രകാശപുഞ്ജമായി വന്ന കുഞ്ഞേ! നീ പിൽക്കാലം പാഞ്ചാലീപരിണയം മുതൽ പാണ്ഡവ കുമാരന്മാർക്കു മാർഗ്ഗദീപമായി വിളങ്ങി. വീരന്മാരെങ്കിലും ഭാഗ്യഹീനരായ എൻ്റെ സന്താനങ്ങളുടെ കഷ്ടനഷ്ടങ്ങൾ നിറഞ്ഞ ഭൗതികജീവിതത്തിൽ അനുനിമിഷം നീ സഹയാത്രികനായി മഹാദുരിതങ്ങൾ ദൂരീകരിച്ചു. കൗരവരുടെ ഭാഗത്തു നിന്നുണ്ടായ അതിക്രൂരവും സ്നേഹശൂന്യവുമായ പ്രവൃത്തികൾ മുൻകൂട്ടി കണ്ട് അതിൻ്റെ ആഘാതങ്ങൾ ലഘൂകരിച്ച് എത്ര തവണ ഈ ഹതഭാഗ്യരുടെ ജീവൻ രക്ഷിച്ചു നീ മകനേ!. ധർമ്മത്തിൻ്റെ പാതയോതി തന്ന് ഈ മാതാവിനെയും പുത്രരെയും പരിപാലിക്കുന്ന ഓമനക്കണ്ണാ! സുസ്മേര വദനനായി, സ്നേഹസ്രോതസ്സായി എന്നും നീ ഞങ്ങളുടെ ജീവിതത്തിൽ നിറഞ്ഞു നിന്നു. അനീതികളുടെ കൊടുങ്കാറ്റിൽ ഞങ്ങൾ ആടിയുലഞ്ഞപ്പോൾ ഞങ്ങൾക്കു ശക്തി പകർന്ന് അണയാത്ത തീജ്ജ്വാല പോലെ സംരക്ഷിച്ച എൻ്റെ കൃഷ്ണാ! കഷ്ടതയേറിയ വനവാസകാലത്തും കൗരവസദസ്സിലെ മഹാരഥൻമാരെയെല്ലാം അസ്തപ്രജ്ഞരാക്കിയ പാഞ്ചാലിയുടെ വസ്ത്രാക്ഷേപ സമയത്തും ആ കാരുണ്യവർഷം ഞങ്ങളുടെ മേൽ ചൊരിഞ്ഞത് എങ്ങനെ മറക്കും കണ്ണാ! അശരണയായ പുത്രവധു ദ്രൗപദിക്കു ശരണമായവനേ! ദയാവാരിധേ! അവസാനം അർജ്ജുനപുത്രൻ, അങ്ങയുടെ സഹോദരി സുഭദ്രയുടെ അരുമസന്താനം അഭിമന്യുവിൻ്റെ വീരമൃത്യുവും, പാണ്ഡവർക്കു പാഞ്ചാലിയിൽ ജനിച്ച വീരപുത്രന്മാരായ ഉപപാണ്ഡവരെ അശ്വത്ഥാമാവ് അതിക്രൂരമായി വധിച്ചതും പാണ്ഡവരെ അടിമുടി തകർത്തപ്പോൾ, ആ തീരാദുഃഖങ്ങൾ പങ്കുവച്ച് അതിൻ്റെ പിന്നിലുള്ള ജന്മാന്തരകർമ്മരഹസ്യങ്ങൾ ഓതി ഞങ്ങളെ സാന്ത്വനിപ്പിച്ചില്ലേ കണ്ണാ നീ. എൻ്റെ സീമന്തപുത്രനായ സൂര്യപുത്രൻ കർണ്ണൻ്റെ ജന്മരഹസ്യം പാണ്ഡവരിൽ നിന്നു മറച്ചും കർണ്ണനെ അറിയിച്ചും കർണ്ണനെ അർജ്ജുനനുമായിട്ടുള്ള യുദ്ധത്തിൽ നിന്നു പിന്തിരിപ്പിക്കാൻ ശ്രമിക്കുകയും അതു സാധിക്കാതെ വന്നപ്പോൾ ഈ രണ്ടു പുത്രരിൽ ഒരാൾ യുദ്ധം അതിജീവിക്കും എന്ന ഉറപ്പു നല്കുകയും ചെയ്ത് അവരുടെ കർമ്മഗതിക്കായി എല്ലാം വിട്ടുകൊടുത്തില്ലേ നീ.
ആപത് ബാന്ധവാ! വാസുദേവാ!
ഈ മാതാവിൻ്റെ കണ്ണീരൊപ്പുവാൻ എത്ര തവണ നീ ആഗതനായി!..