
പരമകാരുണികനായ എൻ്റെ ശ്രീകൃഷ്ണഭഗവാനെ! ആത്മമിത്രമേ! കുരുക്ഷേത്രയുദ്ധം അതിജീവിച്ച ഈ ഭാഗ്യഹീനന് ആ തൃച്ചേവടികളാണ് എന്നും അഭയം. എൻ്റെ മാതുല പുത്രനായി അവതരിച്ച് ആത്മസുഹൃത്തും ഗുരുവും വഴികാട്ടിയുമായി എൻ്റെ സന്തതസഹചാരി ആയിരുന്ന വാസുദേവാ! ധർമ്മയുദ്ധത്തിൽ സ്വയം തേരാളിയുടെ വേഷത്തിൽ ദുർബ്ബലനായ എൻ്റെയൊപ്പം നിന്നു മാർഗ്ഗദർശനം നൽകിയ മഹാപ്രഭോ! ജീവിതമുടനീളം അങ്ങയുടെ സാമീപ്യത്താൽ അങ്ങേയറ്റം ഭാഗ്യവാനായിരുന്ന ഈ പാർത്ഥൻ ജീവിതത്തിലെ ഈ അന്ത്യഘട്ടത്തിൽ ഹൃദയവ്യഥയാൽ പിടയുന്നത് അങ്ങ് കാണുന്നില്ലേ ഭഗവാനേ! സംഭവബഹുലമായ എൻ്റെ ജീവിതത്തിൽ ആനന്ദത്തിടമ്പായി പ്രവേശിച്ച് സർവ്വസ്വവുമായി നിലകൊണ്ട് എൻ്റെ ധർമ്മസങ്കടങ്ങൾ അങ്ങ് പങ്കുവച്ചു. രണഭൂമിയിൽ ഞാൻ ബലഹീനനായി തളർന്നു വീണപ്പോൾ അങ്ങ് ഭൂതമഹേശ്വരഭാവം പൂണ്ട് വിശ്വരൂപദർശനം നൽകി പകർന്നു തന്ന അവബോധത്താൽ ഒരു സ്വപ്നാടകനെ പോലെ ഞാൻ അടർക്കളത്തിൽ രക്തനദി ഒഴുക്കി. അജ്ഞാനിയായ എനിക്ക് മാർഗ്ഗദർശനമേകി യുദ്ധം നയിച്ച എൻ്റെ ഭഗവാനേ! അങ്ങയുടെ ഗീതോപദേശത്തിലൂടെ "ഈ നിമിഷം നീ നിക്ഷിപ്ത കർമ്മം ചെയ്യു; ഫലം എനിക്കു വിട്ടു തരു" എന്നു പറഞ്ഞ് സകലതും ഏറ്റെടുത്തു.
എത്ര ജന്മങ്ങൾ അങ്ങയെ തേടിയലഞ്ഞതിൻ്റെ ഫലമായിരുന്നു യുദ്ധഭൂമിയിൽ അരങ്ങേറിയത്. അങ്ങ് എൻ്റെ തേരാളിയുടെ രൂപത്തിൽ വന്ന് അശ്വങ്ങളെയല്ല യഥാർത്ഥത്തിൽ നയിച്ചത്. അജ്ഞാനിയായ എൻ്റെ മനസ്സാകുന്ന അശ്വത്തിനു കടിഞ്ഞാണിട്ട് ശാശ്വതമായ സത്യജ്ഞാനത്തിലേക്കു നയിക്കുകയായിരുന്നു. എല്ലാറ്റിനും കാരണഭൂതനായിരിക്കുന്നത് പരമാത്മസ്വരൂപനായ അങ്ങാണെന്ന് എനിക്ക് ബോധ്യപ്പെടുത്തി തന്ന് എൻ്റെ മൗഢ്യം അകറ്റി. ഏതു മാർഗ്ഗം തെരഞ്ഞെടുക്കണം എന്ന സ്വാതന്ത്യം എനിക്കു പൂർണ്ണമായും വിട്ടു തന്നപ്പോൾ ജ്ഞാനസ്വരൂപനായ അങ്ങയുടെ വഴി തെരഞ്ഞെടുക്കുവാനും ആ വാക്കുകളെ പിൻതുടരുവാനും ആ പാദാരവിന്ദങ്ങളിൽ സ്വയം സമർപ്പിക്കുവാനും ഈ അജ്ഞാനിക്കു കഴിഞ്ഞു...