
ദയാമൂർത്തിയായ എൻ്റെ കൃഷ്ണഭഗവാനേ! പാഞ്ചാലദേശത്തിലെ ദ്രുപദരാജപുത്രിയായ ഈ ദ്രൗപദിയുടെ യഥാർത്ഥനാമം 'കൃഷ്ണ' എന്നാകയാൽ എത്ര ഭാഗ്യവതിയാണ് ഞാൻ! അങ്ങയുടെ തിരുശരീരത്തിൻ്റെ കൃഷ്ണവർണ്ണത്തിൽ തന്നെ പ്രപഞ്ചനാഥൻ എന്നെയും സൃഷ്ടിച്ചു. ഇതിലധികം എന്തു മഹാഭാഗ്യമാണ് എനിക്കു ലഭിക്കുവാനുള്ളത് ഭഗവാനേ! ഈ ജന്മം മുഴുവൻ എൻ്റെ മേൽ കാരുണ്യം ചൊരിഞ്ഞു നിൽക്കുന്ന അങ്ങ് വളരെ പ്രയാസമേറിയ എൻ്റെ ജന്മദൗത്യങ്ങൾ പൂർത്തീകരിക്കുവാൻ ശക്തിയും ധൈര്യവും പകർന്നു കൊണ്ടിരിക്കുന്നു. അവസാനഘട്ടത്തിൽ എത്തി നിൽക്കുന്ന എൻ്റെ ഈ ജന്മത്തിൽ സംഭവിച്ചു പോയതും സംഭവിച്ചു കൊണ്ടിരിക്കുന്നതും സംഭവിക്കാൻ പോകുന്നതുമായ തീവ്രദുഃഖാനുഭവങ്ങളെ അതിജീവിക്കുവാനുള്ള ശക്തി പ്രദാനം ചെയ്യുന്ന ത്രികാലജ്ഞാനിയായ എൻ്റെ ഭഗവാനേ! ഈ ഭൗതികജീവിത കാലഘട്ടത്തിൽ ഇനിയും
അവശേഷിക്കുന്ന അല്പകാലവും കൂടി എൻ്റെ ആത്മനാഥനായ അങ്ങ് സഹയാത്രികനായി നിന്നു വഴി കാട്ടണേ!
ജനനം മുതൽ തന്നെ എനിക്കു വന്നു ചേർന്നതെല്ലാം അസാധാരണമായ വിധികൾ ആയിരുന്നു. ഉത്ഭവിച്ചതു തന്നെ പിതാവിൻ്റെ യാഗാഗ്നിയിൽ നിന്ന്; മാതൃഗർഭത്തിലൂടെയല്ലല്ലോ. രാജകുമാരിയുടെ എല്ലാ സൗഭാഗ്യങ്ങളും അനുഭവിച്ച എൻ്റെ വിവാഹ ജീവിതവും വിചിത്രം...