
എൻ്റെ ഭഗവാനേ! കൃഷ്ണാ!
മഹാഗുരോ! ആത്മമിത്രമേ!
അങ്ങെനിക്ക് സർവ്വസ്വവുമാണ് മഹാപ്രഭോ! അങ്ങയുടെ പതിനൊന്നാം വയസ്സിൽ അക്രൂരരാജനൊപ്പം മഥുരാപുരിയിൽ വന്നെത്തിയതു മുതൽ അങ്ങയുടെ ആത്മസുഹൃത്തും സന്തതസഹചാരിയുമായി എന്നെ ദർശിക്കുന്ന ആ മഹാകാരുണ്യത്തിനു മുന്നിൽ സദാ നമിക്കുന്നു. ജന്മം കൊണ്ടും അങ്ങയുടെ പിതൃസഹോദര പുത്രനായി വന്ന് ആ പാദസേവ ചെയ്യുവാൻ നിയതി എനിക്കു വഴിയൊരുക്കി. ജീവിതകാലം മുഴുവനും എൻ്റെ ആത്മനാഥനായി വാഴുന്ന മഹാപ്രഭോ! അനിവാര്യമായ വിധിയും കാലവും മഹാതരംഗമായി സുവർണ്ണദീപ്തി പരത്തി വിരാജിക്കുന്ന അങ്ങയുടെ ദ്വാരകയെ വിഴുങ്ങുവാൻ തയ്യാറെടുക്കുന്ന ഈ വേളയിൽ നമ്മുടെ അവസാന സമാഗമത്തിനു വേണ്ടിയായിരുന്നോ ഈ പാദദാസനെ സാഗരതീരത്തേക്കു വരുത്തിയത്. നമ്മുടെ മാത്രം ഏകാന്ത സമാഗമങ്ങളിൽ ആ ജ്ഞാന പ്രവാഹത്തിൽ മുങ്ങിക്കുളിച്ച് ആനന്ദാതിരേകത്തോടെ എത്ര തവണ ഇവിടെ ഞാനിരുന്നിട്ടുണ്ട്! ഇന്ന് എന്നെന്നേക്കുമായി ഈ ഉദ്ധവനോട് അങ്ങ് വിട പറയുന്ന നിമിഷങ്ങൾക്കു മൂക സാക്ഷിയാകുന്ന ഈ സാഗരതീരത്ത് ഗതകാല സ്മരണകൾ തിരതല്ലുന്നു. കടൽക്കാറ്റിൽ വേർപാടിൻ്റെ ഗന്ധം വീശുന്നു. എന്റെ ഹൃദയം വിരഹജ്വാലയിൽ തപിക്കുന്നു. തൃപ്പാദങ്ങൾ ഭൂമിയെ വിട്ടകലുന്ന കാലം അടുത്തിരിക്കുന്നു എന്നറിയുന്നു. അങ്ങയുടെ ബന്ധുവായി, ആത്മമിത്രമായി, രാജ്യസഭയിലെ സേവകനായി, സഹചാരിയായി
എന്നെ ഇത്ര കാലം ചേർത്തുവച്ച ജഗദീശ്വരാ! അങ്ങാകുന്ന മഹാഗുരുവിന്റെ ഉത്സംഗത്തിൽ അതീവ സുരക്ഷിതനായിരുന്നൊരു ബാലശിഷ്യൻ മാത്രമായിരുന്നു ഞാനെന്ന് ഇന്നറിയുന്നു. സാമ്രാജ്യങ്ങളെ രക്ഷിച്ച്,
ഈയുലകത്തിൽ ധർമ്മം നിലനിർത്തിയ വിശ്വനാഥാ!, അങ്ങയുടെ ജ്ഞാനത്തിരുമൊഴികൾ എന്റെ തപിക്കുന്ന ഹൃദയത്തിൽ കുളിർമഴയായി പെയ്യുന്നു. എൻ്റെ ഭഗവാൻ ഇവിടെ ഇരിക്കുമ്പോൾ എനിക്കു അങ്ങയെ വിട്ടുപോകുവാൻ എങ്ങിനെ കഴിയും പ്രഭോ?...