Sree

ആത്മഗതം:

ലോകൈക നാഥനായ ശ്രീകൃഷ്ണ പരമാത്മാവേ!

രക്തപ്പുഴയൊഴുകുന്ന ഈ കുരുക്ഷേത്രയുദ്ധഭൂമിയിൽ അർജ്ജുനൻ തൊടുത്ത മാരകമായ അസ്ത്രങ്ങളാൽ ദേഹമാസകലം മുറിവേറ്റ് മരണാസന്നനായി കിടക്കുന്ന എന്നെ ദർശിക്കുവാൻ അങ്ങു നേരിൽ വന്നുവല്ലോ! കൃഷ്ണാ! ഈ അന്ത്യനിമിഷങ്ങളിൽ അങ്ങയുടെ ദിവ്യസാന്നിദ്ധ്യം എൻ്റെ ആത്മാവിൽ അവാച്യമായ ആനന്ദം നിറയ്ക്കുന്നു. ത്രികാലജ്ഞാനിയായ അങ്ങ് സാക്ഷാൽ പ്രപഞ്ചനാഥൻ തന്നെ ദേഹസ്ഥനായി വന്നതാണെന്ന അറിവുണ്ടായിട്ടും ആത്മസുഹൃത്തായ ദുര്യോധനനോടുള്ള വിശ്വസ്തതയും ഉപകാരസ്മരണയും കാത്തു സൂക്ഷിക്കുവാൻ പലപ്പോഴും ധർമ്മത്തെ വെടിഞ്ഞ എൻ്റെ ഈ ജന്മം ഇങ്ങനെയൊരു അന്ത്യം അർഹിക്കുന്നു മഹാപ്രഭോ!

ഭഗവാനെ! അങ്ങയുടെ കമലനയനങ്ങൾ കരുണാർദ്രമായിരിക്കുന്നു. പരമകാരുണികനായ പ്രഭോ! എൻ്റെ ആത്മാവിനെ ഈ ദുഃഖസാഗരത്തിൽ നിന്ന് മോചിപ്പിച്ച് ആ പരമാത്മചൈതന്യത്തിൽ ലയിപ്പിക്കു പ്രഭോ! എൻ്റെ ജന്മാന്തരകർമ്മങ്ങളുടെ മോചനവും കൂടി ലക്ഷ്യമിട്ടാണല്ലോ ത്രികാലജ്ഞാനിയായ അങ്ങ് പല വിധത്തിത്തിലുള്ള അവഹേളനങ്ങളും ആത്മദുഃഖങ്ങളും പേറുവാനായി എൻ്റെ ഉൽപ്പത്തി രഹസ്യം എന്നിൽ നിന്നു മറച്ചു വച്ചത്. സൂര്യഭഗവാൻ്റെ പുത്രനായി, കവചകുണ്ഡലങ്ങളാൽ അലംകൃതനായി, കുമാരിയായിരുന്ന കുന്തീമാതാവിലൂടെ എനിക്ക് ജന്മം തന്നത് ഈ വിധം മൃത്യു വരിക്കുവാൻ വേണ്ടിയായിരുന്നുവോ പ്രഭോ! കർണ്ണൻ ലോകരുടെ മുന്നിൽ  ആത്മസുഹൃത്തിനു വേണ്ടി അവസാനശ്വാസം വരെ പോരാടി എന്ന ഖ്യാതി പരത്തുവാനാണോ ഇങ്ങനെയൊരു വിധി തന്നത് വിശ്വനാഥാ! ഈ മുഹൂർത്തത്തിൽ അങ്ങയിൽ അലിഞ്ഞു ചേരുവാനുള്ള മഹാഭാഗ്യത്തിന് അർഹനാകുവാൻ ദുസ്സഹമായ അല്ലലുകളിലലയുന്ന എത്ര ജന്മം ജനിച്ചാലാണ് ഒരുവനു സാദ്ധ്യമാകുക! നന്ദി പ്രഭോ! കോടി പ്രണാമം!...