Sree

ആത്മഗതം:

കൃഷ്ണാ! ഗോവിന്ദാ! ചക്രപാണേ!  ശരശയ്യയിൽ വീണുകിടക്കുന്ന ഈ ഭീഷ്മരുടെ അന്ത്യാഭിലാഷം അങ്ങയെ ദർശിച്ചു കൊണ്ട് ഇഹലോകവാസം വെടിയുക എന്നതു മാത്രമാണ്. ശരണാഗതർക്കു ശരണമായവനേ! ഉത്തരായനകാലമാകുവാൻ കാത്തു കിടക്കുന്ന ഈ അൻപത്തിയെട്ടു ദിനങ്ങളാണ് എൻ്റെ ജന്മം സഫലമാക്കുന്നത്. ഈ അന്ത്യദിനങ്ങളിൽ അങ്ങയുടെ ദിവ്യസ്നേഹം എൻ്റെ മേൽ വർഷിച്ചു കൊണ്ടിരിക്കുന്ന അസുലഭ ഭാഗ്യമോർത്ത് പരമാനന്ദത്തിൽ ലയിച്ചു പോയ എനിക്ക് ശരശയ്യ പുഷ്പശയ്യ പോലെ സുഖകരമായി അനുഭവപ്പെടുന്നു. ഈ ദിനങ്ങളിൽ ധർമ്മത്തിൻ്റെയും നീതിയുടെയും കർമ്മരഹസ്യങ്ങളുടെയും കാലാതിവർത്തിയായ പാഠങ്ങൾ എൻ്റെ ജീവനിലേക്കു പകർന്ന് ആത്മസാക്ഷാത്ക്കാരം പ്രദാനം ചെയ്യുന്ന ലോകൈകനാഥാ!

അങ്ങയുടെ ദിവ്യചൈതന്യത്തിലേക്കു ലയിക്കുവാനുള്ള സമയം എനിക്ക് അടുത്തു കൊണ്ടിരിക്കുന്നു. 


എൻ്റെ പൗത്രന്മാരായ പാണ്ഡവ കുമാരന്മാരുടെ സ്നേഹാദരങ്ങൾ ഈ ദിനങ്ങളിൽ എന്നെ പൊതിഞ്ഞു നിൽക്കുന്നു. ക്ഷത്രിയനെന്ന നിലയിൽ ഹസ്തിനപുരിയോടുള്ള രാജധർമ്മം കാത്തു സൂക്ഷിക്കുവാൻ വേണ്ടി അധർമ്മത്തിൻ്റെ പക്ഷത്ത് നിൽക്കേണ്ടി വന്ന ദുര്യോഗത്തിൽ  ഞാൻ എന്നും ദുഃഖിക്കുന്നു കൃഷ്ണ ഭഗവാനേ! യുധിഷ്ഠിരകുമാരൻ്റെ ധർമ്മസങ്കടം അറിയുന്നു. രക്തപങ്കിലമായ യുദ്ധം ജയിച്ചെങ്കിലും അരുമസന്താനങ്ങളുടെയും പ്രിയജനങ്ങളുടെയുമെല്ലാം വേർപാട് ഏല്പിച്ച ഹൃദയഭാരത്തോടെ രാജ്യഭരണം ഏറ്റെടുക്കുന്നതിൽ വ്യാകുലപ്പെടേണ്ടതില്ല മകനേ!...