
എൻ്റെ ഭഗവാനെ! കൃഷ്ണാ! ആത്മസുഹൃത്തായി നിലകൊണ്ട പരംപൊരുളേ! യമധർമ്മപുത്രനായി കുന്തീ മാതാവിൽ പിറന്ന ഈ യുധിഷ്ഠിരൻ പരമാത്മസ്വരൂപനായ അങ്ങു നിർദ്ദേശിച്ച ധർമ്മപാതയിലൂടെ ലൗകിക ജീവിതം പൂർത്തീകരിച്ചു സ്വർഗ്ഗവാതിൽക്കൽ എത്തിയിരിക്കുന്നു. അങ്ങില്ലാത്ത ഒരു സ്വർഗ്ഗീയസുഖം എനിക്ക് ആവശ്യമില്ല ഭഗവാനെ! പാണ്ഡവരെ ഭൂമിയിൽ അനാഥരായി അവശേഷിപ്പിച്ച് ഇഹലോകവാസം വെടിഞ്ഞു പോയ അങ്ങയുടെ ദർശനത്തിനായി എൻ്റെ ജീവൻ തുടിക്കുന്നു. ശ്രീകൃഷ്ണ പരമാത്മാവേ! ഈ യുധിഷ്ഠിരനെ അങ്ങയുടെ സവിധത്തിൽ ചേർത്ത് പരമാനന്ദപദം പ്രദാനം ചെയ്യണേ!
ഇനി ഒരു മാത്ര പോലും അങ്ങയുടെ വിരഹം താങ്ങാനാവാത്ത വിധം ഞാൻ തളർന്നിരിക്കുന്നു ഭഗവാനെ!
രക്തനദി ഒഴുകിയ കുരുക്ഷേത്ര രണാങ്കണത്തിൽ നിന്ന് പ്രിയജനങ്ങളുടെയും പ്രിയ സന്താനങ്ങളുടെയും അകാലമൃത്യുവാൽ തകർന്നടിഞ്ഞു പോയ എന്നെ ധർമ്മത്തിൻ്റെ കാതലും കർമ്മരഹസ്യവുമെല്ലാമോതി ഉയിർത്തെഴുന്നേൽപ്പിച്ച് രാജ്യഭാരവും തന്ന് അവസാനം വരെ മാർഗ്ഗദർശനം തന്നു മറഞ്ഞു പോയ ജഗന്നിയന്താവേ! ശിഷ്ടകാലം ധർമ്മം വിടാതെ കാത്തു രക്ഷിച്ചു വന്ന എന്നെ ഇനി പരീക്ഷിക്കരുതേ കൃപാനിധേ! കഠിനമായ മഹാപ്രസ്ഥാനയാത്രയിൽ തീവ്രദുഃഖാനുഭവങ്ങളുടെ പ്രതീകമായി മാറിയ മഹാറാണി ദ്രൗപദി ആദ്യം ജീവൻ വെടിഞ്ഞു. ദ്രൗപദിയും കുന്തീ മാതാവും പാണ്ഡവ സഹോദരന്മാരും എല്ലാം ഇതിനകം അങ്ങയുടെ സവിധമണഞ്ഞു കാണുമല്ലോ.
ഇനി ഈ നിമിഷം തന്നെ ഈ യുധിഷ്ഠിരനെയും സ്വീകരിക്കു വിശ്വനാഥാ! അങ്ങയുടെ അദൃശ്യ സാന്നിദ്ധ്യം ഞാനറിയുന്നു കൃപാനിധേ!...