Sree

ആത്മഗതം:

ത്രികാലജ്ഞാനിയായ ശ്രീകൃഷ്ണ പരമാത്മാവേ! ഈ ധന്യജന്മത്തിൽ എൻ്റെ മാതുലനായി വന്ന മഹാപ്രഭോ! കുരുക്ഷേത്രയുദ്ധഭൂമിയിൽ എൻ്റെ അന്ത്യനിമിഷങ്ങൾ അടുക്കുകയാണ്.

അസഹനീയമായ വേദനയിൽ പിടയുമ്പോഴും അങ്ങയുടെ സ്നേഹവാത്സല്യങ്ങളും കരുതലും എന്നെ ആവരണം ചെയ്തു നിൽക്കുന്നതു ഞാനറിയുന്നു പ്രഭോ ! ഈ അഭിമന്യുവിൻ്റെ ഹ്രസ്വജീവിതം ധന്യമാകുന്നത് പ്രപഞ്ചനാഥനായ അങ്ങയുടെ മടിത്തട്ടിലേക്കു ഞാൻ പിറന്നുവീണു എന്ന കാരണത്താലാണ്. അപൂർവ്വ ഭാഗ്യാനുഭവങ്ങൾ നിറഞ്ഞ എൻ്റെ ഭൂതലജീവിതം ഇങ്ങനെ അപൂർണ്ണമായി അവസാനിക്കേണ്ടത് അനിവാര്യമായ വിധിവിഹിതമാണെന്ന് അറിയുന്ന പരംപൊരുൾ തന്നെയല്ലേ അങ്ങ്! എങ്കിൽപോലും എൻ്റെ വേർപാടിൽ മർത്ത്യ ഭാവം പൂണ്ട് തീവ്രവേദനയിൽ അങ്ങ് ഉരുകുന്നതു ഞാനറിയുന്നു. വാത്സല്യനിധികളായ എൻ്റെ മാതാപിതാക്കൾ, അങ്ങയുടെ ആത്മമിത്രം എൻ്റെ വന്ദ്യപിതാവ് അർജ്ജുനനും അങ്ങയുടെ അരുമസഹോദരി എനിക്കു ജന്മമേകിയ സുഭദ്രാ മാതാവും, ദ്രൗപദീ മാതാവും എൻ്റെ കുഞ്ഞിനെ ഗർഭത്തിലേറുന്ന പ്രിയ സഖി ഉത്തരയും പിതാമഹി കുന്തീ മാതാവും മറ്റു പ്രിയ ജനങ്ങളും ഹൃദയവ്യഥയാൽ വിലപിക്കുന്ന ചിത്രം എൻ്റെ മാനവജന്മത്തിൻ്റെ പര്യവസാനമാകുന്ന ഈ മുഹൂർത്തത്തിൽ എൻ്റെ ഹൃദയം പിളർക്കുന്നു. അവർക്കെല്ലാം അങ്ങു തുണയായി നിന്ന് ആശ്വാസവചനങ്ങൾ പൊഴിച്ച് മർത്ത്യജന്മത്തിൻ്റെ നൈമിഷികതയെ ഉദ്ഘോഷിച്ച് സമാശ്വസിപ്പിക്കുന്ന ചിത്രവും മനോമുകുരത്തിൽ തെളിയുന്നു. ദേഹമാസകലം മുറിവേറ്റു കിടക്കുന്ന ഈ പുത്രനെ അസഹ്യവേദനയിൽ നിന്നു അങ്ങു മോചിപ്പിക്കൂ ഭഗവാനേ! അങ്ങയുടെ ഭൗതിക സാന്നിദ്ധ്യം ഈ നിമിഷം അപ്രാപ്യമെങ്കിലും ആ അദൃശ്യസാന്നിദ്ധ്യം എന്നെ ആവരണം ചെയ്യുന്നു മഹാപ്രഭോ! യുദ്ധഭൂമിയിൽ പ്രവേശിക്കുന്നതു വരെ അങ്ങയുടെ ദിവ്യസാന്നിദ്ധ്യത്തിൽ സകലരുടെയും വാത്സല്യഭാജനമായി ആനന്ദാനുഭൂതികൾ നിറഞ്ഞ ഒരു ധന്യജീവിതമായിരുന്നു എൻ്റെത്. 

എൻ്റെ ആത്മനാഥനായ പ്രഭോ! അങ്ങയുടെ പ്രിയ സോദരിയായ എൻ്റെ മാതാവിൻ്റെ ഗർഭത്തിൽ ഞാൻ അതീവ സുഖകരമായ അവസ്ഥയിലുള്ള സമയത്ത് വീരനായ എൻ്റെ പിതാവിന് യുദ്ധമുറകളെ കുറിച്ചുള്ള പാഠങ്ങൾ അങ്ങ് പറഞ്ഞു കൊടുത്തു കൊണ്ടിരുന്നത് മാതൃഗർഭത്തിലിരുന്നു ഞാൻ  ശ്രദ്ധിക്കുന്നത് അങ്ങ് അറിഞ്ഞിരുന്നുവല്ലോ!...