Sree

ആത്മഗതം:

എൻ്റെ പ്രാണപ്രിയനേ! ഗോവിന്ദാ! ഭഗവാനേ! അവിടുത്തെ പട്ടമഹിഷീ പദം അലങ്കരിക്കുവാൻ മഹാഭാഗ്യം ലഭിച്ച ഈ ജന്മത്തിലെ അവസാന നിമിഷങ്ങൾ അടുക്കുകയാണെന്നു ഞാനറിയുന്നു നാഥാ!. അങ്ങയുടെ പ്രതിച്ഛായ വച്ചിരിക്കുന്ന പൂജാമുറിയിൽ താമരമലരുകളാൽ ആരാധന ചെയ്തു കൊണ്ടിരിക്കുന്ന ഈ പാദദാസിയെ ഈ നിമിഷം തന്നെ കൈക്കൊള്ളുവാൻ കരുണയുണ്ടാകണേ! ഭൗതികമായി അങ്ങ് എന്നെ വേർപെട്ടു പരമാത്മാവായി വിളങ്ങി നിന്ന് ആത്മീയാനുഭവങ്ങൾ തരുന്നുണ്ടെങ്കിലും ഈ തീവ്രവിരഹം ഇനിയും താങ്ങുവാൻ അങ്ങയുടെ രുഗ്മിണി തീർത്തും അശക്തയാണ്. 


വിദർഭരാജകുമാരിയായിരുന്ന എൻ്റെ മാംഗല്യം സഹോദരൻ രുഗ്മി രാജകുമാരൻ ശിശുപാല രാജകുമാരനുമായി  നിശ്ചയിച്ചതറിഞ്ഞ് ഒരു ദൂതൻ മുഖേന എൻ്റെ ഇഷ്ടം അങ്ങയെ അറിയിച്ചതാണല്ലോ നമ്മുടെ ഈ ജന്മബന്ധത്തിൻ്റെ ആരംഭം കുറിച്ചത്.  ബാലികയായിരുന്ന കാലം മുതൽ അങ്ങയെ ഹൃദയത്തിൽ പ്രതിഷ്ഠിച്ച് ആരാധിച്ചിരുന്ന എനിക്ക് മറ്റൊരു പുരുഷനെ ഭർത്താവായി സങ്കല്പിക്കുവാൻ പോലും ആകുമായിരുന്നില്ല. ഗോകുലത്തിലെ അമ്പാടിക്കണ്ണനെ അറിയാത്തവർ ഈ ജഗത്തിൽ ആരാണുള്ളത്! ആ പദധൂളികൾ പതിഞ്ഞ പുണ്യഭൂമിയിലെ ഗോകുലവാസികളെല്ലാം വെണ്ണക്കൊതിയനായ ഉണ്ണിക്കണ്ണനിൽ മോഹിതരായതും, ആ ദിവ്യബാലകൻ ദുഷ്ടരാക്ഷസരുടെ വധശ്രമങ്ങളെ പരാജയപ്പെടുത്തിയതും, ഉഗ്രരൂപിയായ കാളിയ സർപ്പത്തെ തുരത്തിയതും, ഗോവർദ്ധനഗിരി ചെറുവിരലിൽ ഉയർത്തിയതും, അങ്ങയുടെ മനം മയക്കുന്ന മുരളീഗാനത്തിൽ ഗോകുലവാസികൾ മതിമയങ്ങിയിരുന്നതും, ഗോപസ്ത്രീകളുമായുള്ള രാസലീലയും എല്ലാം ശ്രവിച്ച് എൻ്റെ ശരീരവും മനസ്സും ആത്മാവും അങ്ങയിൽ ലീനമായി.

ഈ അന്ത്യനിമിഷത്തിലും അതേ അവസ്ഥയിൽ ഞാനിരിക്കുന്നു. അന്ന് ഈ കന്യകയുടെ തീവ്രപ്രണയത്തെ നിരുപാധികം അങ്ങ് കൈക്കൊള്ളുകയും വിവാഹവേദിയിൽ നിന്ന് എന്നെ വായുവേഗത്തിൽ കയ്യിലെടുത്ത് രക്ഷിക്കുകയും ചെയ്ത് സഹോദരൻ്റെ യുദ്ധസന്നാഹങ്ങളെ തുരത്തിയതും എല്ലാം ഇന്നലെ നടന്നതു പോലെ മനോമുകുരത്തിൽ തെളിയുന്നു വീണ്ടും എൻ്റെ പ്രാണപ്രിയനേ!...