Sree

ആത്മഗതം:

വിശ്വനാഥനായ എൻ്റെ പുത്രാ! കൃഷ്ണാ! ഉണ്ണീ! പരംപൊരുൾ തന്നെ എൻ്റെ ഉദരത്തിൽ എട്ടാമത്തെ പുത്രനായി ഉയിർക്കൊണ്ട നിമിഷം മുതൽ ഈ മാതാവു കടന്നു പോയ കൊടിയ ദുഃഖങ്ങൾ തീവ്രമായ പുത്രവിരഹത്തിലേക്ക് വഴി മാറുകയായിരുന്നുവല്ലോ. പതിനൊന്നു വർഷങ്ങൾക്കു ശേഷം ഗോകുലവാസം അവസാനിപ്പിച്ച് എൻ്റെ ഉണ്ണിക്കണ്ണൻ ജ്യേഷ്ഠൻ ബലരാമസമേതനായി അക്രൂരരാജനൊപ്പം മഥുരാപുരിയിൽ പ്രവേശിച്ചതു മുതൽ മാതാപിതാക്കൾക്ക് പരമാനന്ദകരമായ അനുഭവങ്ങൾ മാത്രം സമ്മാനിച്ച പ്രിയ പുത്രാ! ജഗന്നിയന്താവേ! അവസാനം

നിൻ്റെ പിതാവും എൻ്റെ പ്രിയപതിയുമായ വസുദേവ മഹാരാജൻ്റെ ദേഹവിയോഗവും സംഭവിച്ചു. അതിനുശേഷം ഈ മാതാവ് എൻ്റെ മകനോട് വിട പറയുന്ന നിമിഷത്തെ കാത്തിരിക്കുകയാണ്. പിതാവ് പരംപൊരുളായ പുത്രനിൽ വിലയിച്ചു ചേർന്നിരിക്കുന്ന മണ്ഡലത്തിലേക്ക് ഈ മാതാവിനേയും ചേർക്കുവാനുള്ള സമയം ഇനിയും സമാഗതമായില്ലേ മകനേ! മഥുരാപുരിയിൽ നിന്നു വിട പറഞ്ഞ് ദ്വാരകാപുരിയിൽ സ്വർഗ്ഗീയജീവിതം പ്രദാനം ചെയ്ത ആനന്ദത്തിടമ്പേ!

ഈ മാതാവിന് അന്ത്യവിശ്രമം ഏകിയാലും!

ത്രികാലജ്ഞാനിയായ എൻ്റെ പുത്രൻ ഈ മാതൃഹൃദയത്തിലെ ഒരു അന്ത്യാഭിലാഷം കൂടി സാധിച്ചു തരില്ലേ? സർവ്വശക്തനും സർവ്വജ്ഞനും സർവ്വവ്യാപിയും അഖിലാണ്ഡ മണ്ഡലത്തിന്ന് ആധാരമായവനുമായ പ്രപഞ്ചനാഥൻ തന്നെ പുത്രരൂപത്തിൽ അവതരിച്ച് ഈ അജ്ഞാനിയായ മാതാവിൻ്റെ വാത്സല്യം നുകരുന്നതിനുള്ള അസുലഭഭാഗ്യം ലഭിച്ചിട്ടും ഈ മാതൃഹൃദയം പിടയുന്നു. എല്ലാമറിയുന്ന എൻ്റെ പുത്രന്  ഈ മാതാവ് ദേഹം വെടിയുന്നതിനു മുമ്പ് എൻ്റെ തപിക്കുന്ന ആത്മാവിനെ ആ വ്യഥയിൽ നിന്ന് മോചിപ്പിക്കുവാൻ കഴിയില്ലേ? ഈ മാതാവു ഗർഭം ധരിച്ച ആദ്യത്തെ ആറു പുത്രന്മാരും ജനിച്ചയുടനെ കംസനാൽ ദാരുണമായി വധിക്കപ്പെട്ടു. ആ ഭയാനകമായ ദൃശ്യങ്ങളിൽ നടുങ്ങിത്തരിച്ച് ഈ മാതൃഹൃദയം തകർന്നു പോയിരുന്നു. അതിൻ്റെ ക്ഷതങ്ങൾ ഇന്നും ഈ ജീവനിൽ അവശേഷിക്കുന്നു പുത്രാ!. ആ സന്താനങ്ങളെ ഒരു നോക്കു കാണുവാനും ഹൃത്തടം വിങ്ങുന്ന വാത്സല്യാമൃതം പകരുവാനും ഈ മാതാവിന് ഒരവസരം ലഭിക്കില്ലേ? അവസാനമില്ലാത്ത ഈ തീവ്രവ്യഥയിൽ നിന്ന്  മാതാവിനെ മോചിപ്പിച്ച് പരമാത്മസ്വരൂപനായ എൻ്റെ പുത്രനിലേക്ക് വിലയിപ്പിച്ച് നിത്യാനന്ദം തിരികയില്ലേ പൊന്നുമകനേ!...