Sree

ആത്മഗതം:

എൻ്റെ കൃഷ്ണാ! മകനേ! എൻ്റെ പുത്രനായി വന്ന ജഗന്നിയന്താവേ!

വിശ്വത്തിനു നാഥനായവൻ ഈ സാധു മനുഷ്യൻ്റെ സന്താനമായി വന്നു പിറക്കുവാൻ എന്തു ജന്മാന്തരപുണ്യമാണു ഞാൻ ചെയ്തത്! സംഭവബഹുലമായ ഈ ജന്മം പരമാത്മാവിൻ്റെ സവിധത്തിൽ തന്നെ ലഭ്യമായ ഈ ജീവാത്മാവിന് മടക്കയാത്രയ്ക്കു സമയമായി എന്നു നീയറിയുന്നുവല്ലോ സർവ്വജ്ഞനായ എൻ്റെ മകനേ! ഈ പിതാവ് നിന്നിലേക്കു തന്നെ ലയിച്ചു മുക്തനാകുന്ന ദിവ്യമൂഹൂർത്തം അടുത്തു വരുന്നുവല്ലോ.

ജഗദീശ്വരനെ തന്നെ ഗർഭം ധരിക്കുവാൻ ഭാഗ്യം ലഭിച്ച എൻ്റെ പ്രിയപത്നി, ഉണ്ണിയുടെ ദേവകി മാതാവ്, പരമാത്മസ്വരൂപനായ പുത്രസവിധത്തിൽ ശിഷ്ടജീവിതം ആനന്ദകരമായി വസിക്കട്ടെ. പരം പൊരുളിനെ തന്നെ പുത്രരൂപത്തിൽ കൈകളിലേന്തിയെങ്കിലും തുടർന്നുണ്ടായ പുത്രവിരഹവും തീവ്രദുഃഖാനുഭവങ്ങളും ഈ പരമാനന്ദത്തിൽ അലിയുന്നു. ദൈവ സന്നിധിയിൽ തന്നെ ഈ ജന്മം പൂർത്തിയാക്കുന്ന ഈ പിതാവിനെ നിയതിയുടെ നിയന്താവായ മകനേ നീ കൈക്കൊള്ളുക. നിൻ്റെ മാതാവിനെ വേൾക്കുന്നയന്നു തുടങ്ങി വർഷങ്ങൾ നീണ്ടു പോയ കാരാഗൃഹ വാസം. എട്ടാമത്തെ വർഷം ദിവ്യശിശുവായി പരംപൊരുൾ തന്നെ ഞങ്ങൾക്കു പിറന്നിട്ടും പതിനൊന്നു വർഷം കൂടി ചൈതന്യധാമമായ പുത്രൻ്റെ നാമം ഉരുവിട്ടു കാരാഗൃഹത്തിൽ കഴിഞ്ഞു. കംസവധം ചെയ്ത് ആ തീച്ചൂളയിൽ നിന്നു മാതാപിതാക്കളെയും മാതാമഹനെയും മോചിതനാക്കിയ വിശ്വനാഥനായ  മകനേ! ശിഷ്ടജീവിതം പരമാനന്ദകരമാക്കിയ ത്രികാലജ്ഞാനിയായ പുത്രാ! പ്രപഞ്ചനാഥൻ്റെ തന്നെ മാതാപിതാക്കളാകുവാനുള്ള അർഹത ഇത്രയും പീഡകളിലൂടെ  പ്രദാനം ചെയ്തതാണോ ഞങ്ങൾക്കു നീ! ദൈവഹിതത്തിനു കരുക്കളാകുവാൻ ഞങ്ങളുടെ ജീവൻ നിലനിർത്തിയ ഓമനക്കുഞ്ഞേ! ഈ പിതാവിനെ ഈ ശരീരത്തിൽ നിന്നു മോചിതനാക്കിയാലും. ഭഗവാൻ തന്നെ ശിശുരൂപത്തിൽ എൻ്റെ ബാഹുക്കളിൽ വന്നു ചേർന്ന നിമിഷം മുതൽ പുന:സമാഗമം വരെ ജീവിതം ഒരു സ്വപ്നാടനമായി മാറി. അർദ്ധബോധാവസ്ഥയിൽ ഭഗവാൻ്റെ നിർദ്ദേശത്തിൽ പിറന്നയുടനെ മാതാവിൽ നിന്നു വേർപെടുത്തി ഘോരഘോരം പെയ്തു കൊണ്ടിരുന്ന പേമാരിയിൽ അർദ്ധരാത്രിയുടെ ഇരുളിലൂടെ കൂലം കുത്തിയൊഴുകുന്ന യമുനാനദി പിളർന്നു മാറി തന്ന വഴിയിലൂടെ കടന്നു പോയി. നിദ്രയിലാണ്ടു പോയിരുന്ന ഗോകുലത്തിലെത്തി യശോദാ ദേവിയുടെ സവിധത്തിൽ അനന്ത ചൈതന്യധാമമായ പൈതലിനെ കിടത്തിയതും അവിടെ നിന്നു തേജസ്വിനിയായ പെൺകുഞ്ഞിൻ്റെ രൂപത്തിൽ തൊട്ടിലിൽ കിടന്ന യോഗമായാദേവിയെയും വഹിച്ച് കാരാഗൃഹത്തിൽ തിരിച്ചെത്തിയതുമെല്ലാം ഒരു സ്വപ്നം പോലെയാണ് തോന്നുന്നത്. അതിനു

 ശേഷം മാത്രം ലോകരെ ഉണർത്തിയ പരമാത്മചൈതന്യമേ! അങ്ങയുടെ ലീലകളിൽ എന്നെ ഏറ്റവും പ്രധാന കഥാപാത്രമാക്കി മാറ്റിയ ജഗദീശ്വരനായ പൊന്നോമനേ! എന്നെ കർമ്മവിമുക്തനാക്കി നിത്യശാന്തി പ്രദാനം ചെയ്യു പുത്രാ!...