
എൻ്റെ ഉണ്ണിക്കണ്ണാ! ഓമനക്കുഞ്ഞേ! ഉലകം മുഴുവനും നിന്നെ ജഗദീശ്വരനായിക്കണ്ട് പല നാമങ്ങൾ ഉരുവിട്ട് ആരാധിക്കുന്നുണ്ടാവാം. ഈ മാതാവ് കാലങ്ങളായി കാതോർക്കുന്നത് ദ്വാരകാനാഥനായ എൻ്റെ കണ്ണൻ പരിവാരസമേതം ഗോകുലം സന്ദർശിക്കുന്ന ആരവങ്ങളല്ല പൊന്നുണ്ണി! ഉണ്ണിക്കണ്ണൻ ഗോകുലത്തിൻ്റെ അങ്കണത്തിൽ പിഞ്ചുപാദങ്ങൾ പതിപ്പിച്ച് ഓടി നടക്കുമ്പോൾ ഉതിരുന്ന അരമണിയുടെയും പാദസരങ്ങളുടെയും മധുരനാദങ്ങളാണ്; മയിൽപ്പീലി ചൂടി മഞ്ഞപ്പട്ടുടുത്ത് സർവ്വാഭരണ വിഭൂഷിതനായി വനമാല ചാർത്തി മുരളിക ആ മണിച്ചുണ്ടിൽ ചേർത്തു ഉണ്ണി പൊഴിക്കുന്ന ദിവ്യസംഗീതമാണ് ;
കുഞ്ഞിക്കൈയിലും ഉണ്ണി വായിലും വെണ്ണ നിറച്ച് ഈ മാതാവിനരികെ ഓടിയണയുന്ന പൊന്നോമനയുടെ കിളിക്കൊഞ്ചലുകളാണ്. ശിശുവായിരുന്ന കാലം മുതൽ ഈ മാതാവിൽ നിന്നു പിരിയുന്ന നിമിഷം വരെ എത്രയെത്ര അപകടങ്ങളും അത്ഭുതങ്ങളും എൻ്റെ പൊന്നുണ്ണിക്കു സംഭവിച്ചു. മണ്ണുവാരിത്തിന്ന ഉണ്ണിവായ് തുറന്നു കാണിച്ചപ്പോൾ അണ്ഡകടാഹങ്ങൾ തന്നെ കണ്ട് ഈ മാതാവ് മോഹാലസ്യപ്പെട്ടു പോയി. ഗോകുലത്തിലെ പതിനൊന്നു വർഷം സ്വർഗ്ഗീയമായ സന്താനസുഖത്താൽ മാതാപിതാക്കളെ ആനന്ദിപ്പിച്ച ഉണ്ണിക്കണ്ണൻ! തോഴരുമായി ഗൃഹങ്ങളിൽ നിന്ന് വെണ്ണ കട്ടുണ്ണുന്ന കുസൃതിക്കുഞ്ഞ്! ഗോപസ്ത്രീകളുടെ വസ്ത്രഹരണ ലീലയും അവരുമൊത്തു യമുനാ തീരത്ത് അരങ്ങേറിയ രാസലീലയുമെല്ലാം ഈ മാതാവിന് അജ്ഞാതമായ ദൈവിക കേളികളായിരുന്നു ഉണ്ണി!..