
എൻ്റെ കണ്ണാ! പ്രാണപ്രിയനേ! കാലങ്ങളായി എൻ്റെ മിഴിയിണകൾ പൊഴിക്കുന്ന അശ്രുപൂജയിൽ ഇനിയും അങ്ങ് സംപ്രീതനായില്ലേ! ബാല്യകൗമാരകാലങ്ങളിൽ നിൻ്റെ സ്നേഹാമൃതം ആവോളം നുകർന്ന് ഞാൻ ആനന്ദാശ്രുക്കൾ പൊഴിച്ചു കൊണ്ടിരുന്നു. അങ്ങു ഗോകുലം വിട്ടുപോയ നിമിഷം മുതൽ തീവ്രമായ വിരഹവേദനയിലും എൻ്റെ നേത്രങ്ങൾ പെയ്യുകയാണ്. ഈ കണ്ണീർ പൂക്കൾ പൂജാപുഷ്പങ്ങളായി അങ്ങയുടെ പാദാരവിന്ദങ്ങളിൽ സദാ ഞാൻ അർപ്പിച്ചു കൊണ്ടിരിക്കുകയാണ്.
ഈ രാധയുടെ സഹനശക്തിയുടെ അവസാനമായി. എൻ്റെ മനവും തനുവും ഒരുപോലെ തളർന്നു. ഈ ദീർഘവിരഹം ഇനി അണുമാത്ര പോലും എനിക്കു താങ്ങുവാൻ കഴിയുന്നില്ല. എന്നെ അങ്ങയുടെ അനന്ത ചൈതന്യദീപ്തിയിലേക്ക് എന്നെന്നേയ്ക്കുമായി അണയ്ക്കു കണ്ണാ!. അങ്ങനെ ഈ അസഹ്യവേദനയിൽ നിന്ന് എന്നെ മുക്തയാക്കു. ദയാവാരിധേ! അതിരില്ലാത്ത ആ സ്നേഹവും കരുണയും എന്നിൽ ചൊരിഞ്ഞ് എൻ്റെ ഇഹലോക കർമ്മനിവൃത്തി വരുത്തു ഭഗവാനേ. നിൻ്റെ ദൈവിക പ്രേമനിശ്വാസങ്ങളാകുന്ന ജീവശ്വാസം കിട്ടാതെ എൻ്റെ പ്രാണൻ പിടയുന്നു.
സർവ്വശക്തനും സർവ്വവ്യാപിയും സർവ്വജ്ഞനുമായ എൻ്റെ നാഥാ! അങ്ങയുടെ പ്രിയസഖി രാധയെ ആ ജ്ഞാനജ്യോതിയിൽ ലയിപ്പിക്കു! ആത്മവിലയനത്തിൻ്റെ പരമാനന്ദാവസ്ഥ എന്നിൽ പകരു! നമ്മുടെ തീവ്രവിരഹജ്വാല അങ്ങനെ അണയട്ടെ! പൂർവ്വജന്മകർമ്മബന്ധം കൊണ്ട് മാനവജന്മമെടുത്തു വന്നവരല്ലേ നമ്മൾ. അല്പകാലം മാത്രം സ്വർഗ്ഗീയാനന്ദം അനുഭവിച്ച് ഹൃദയം പിളർക്കുന്ന വേർപാടിൻ്റെ വേദന ഏറ്റുവാങ്ങുക എന്നതായിരുന്നോ നമ്മുടെ ജന്മോദ്ദേശ്യം? ആത്മീയോത്ക്കർഷത്തിന് നിരുപാധികസ്നേഹം എങ്ങനെ ഉപാധിയാക്കാം എന്നു മാനവരാശിയെ പഠിപ്പിക്കുവാനാണോ മഹാഗുരുവായ അങ്ങ് ആ പരമജ്യോതിയിൽ നിന്നു വേർപെടുത്തി സമകാലീനയായി എന്നെ ജനിപ്പിച്ചത്? ആത്മസഖിത്വത്തിൻ്റെ ഉത്തമ മാതൃകയായി മനുഷ്യകുലത്തിൽ നാം എക്കാലവും ഉദ്ഘോഷിക്കപ്പെടുമെങ്കിലും, നമ്മുടെ ആത്മവിലയനം സംഭവിക്കുന്നതുവരെയുള്ള പ്രാണവേദന പരമാത്മാവായ അങ്ങും അനുഭവിക്കുന്നുവല്ലോ എന്ന തിരിച്ചറിവ് എന്നെ കൂടുതൽ ദുഃഖിതയാക്കുന്നു. ദേഹസ്ഥയായപ്പോൾ എന്നിൽ സത്യജ്ഞാനം മറഞ്ഞിരിക്കുന്നതിനാൽ മാത്രമാണ് ഈ തീവ്രദു:ഖാനുഭവം എന്നാണെങ്കിൽ പരംപൊരുളിൻ്റെ പ്രത്യക്ഷരൂപമായ അങ്ങും ഈ വിരഹദുഃഖത്തിൽ വെന്തുരുകുന്നുവല്ലോ? നമ്മുടെ വിശുദ്ധ സ്നേഹപ്രതീകമായി അങ്ങ് മഥുരാപുരിയിലേക്കു വിട പറയും മുൻപ് കണ്ണീരണിഞ്ഞ് എനിക്കു സമ്മാനിച്ച മുരളിക എന്നെ പൊള്ളിക്കുന്നു. ആ സ്നേഹതാപം എനിക്കു താങ്ങാനാവുന്നില്ല.
ഈ ഹൃദയവേദന ജീവിതത്തിലെ അനിവാര്യമായ വിധിഹിതമെന്ന് ഞാൻ അറിയുന്നു പ്രഭോ! എന്നും കൂടെയുണ്ടാകുവാൻ നീ എന്തേ എന്നെ വിവാഹം ചെയ്തില്ല എന്ന ചോദ്യത്തിനും അങ്ങേയ്ക്ക് ഉത്തരമുണ്ടായിരുന്നു. “രണ്ടു വ്യത്യസ്ത വ്യക്തികൾ തമ്മിലേ വിവാഹം സാദ്ധ്യമാകു. നമ്മൾ സദാ ഒന്നായി സൂക്ഷ്മതലത്തിൽ വിലയിച്ചിരിക്കുന്നു.
നീയും ഞാനും ഒന്നുതന്നെയാണ്. പരസ്പരപൂരകങ്ങളായ ഊർജ്ജങ്ങൾ തന്നെയാണ്. ഭൗതികപ്രപഞ്ചത്തിൽ വ്യത്യസ്തദേഹങ്ങളെ പ്രാപിച്ചെങ്കിലും ഏകാത്മസത്തയാണ്.
സ്ത്രീപുരുഷഭാവങ്ങളുടെ അതിമനോഹരമായ ലയനമാണ്. ത്യാഗനിർഭരമായ നിസ്വാർത്ഥ സ്നേഹത്തിൻ്റെ മാതൃക ലോകത്തിനു കാണിച്ചു കൊടുക്കുവാൻ
വിധിക്കപ്പെട്ടവരാണു നമ്മൾ” എന്നെല്ലാം പറഞ്ഞ് എന്നെ ആശ്വസിപ്പിച്ചു. അപ്പോഴും പരമാത്മസ്വരൂപനായ അങ്ങ് തീവ്രവിരഹതാപത്താൽ പിടയുന്നത് ഞാൻ കാണുന്നു. മനുഷ്യനായി പിറന്നാൽ പരംപൊരുൾ പോലും മാനുഷികനിയമങ്ങൾക്കും വ്യഥകൾക്കും വിധേയരാണ് എന്ന് മാനവരാശിയെ അങ്ങ് ബോധ്യപ്പെടുത്തുകയാണോ?
അതിരില്ലാത്ത ആനന്ദം പ്രാപ്തമായാൽ അതിരില്ലാത്ത വേദനയാണോ പകരം വയ്ക്കേണ്ടത്?